കാലന്റെ നേർവര വരച്ചുകഴിഞ്ഞാൽ പിന്നെ
തലയ്ക്കിരുപുറവും കാലങ്ങൾ പകുത്തെടുക്കയായ്
മുഴക്കോലുനീട്ടി നാരായമുരച്ച ജന്മവര
ഈറ്റില്ലം കാണാതെ പിഴച്ചേ പോയി.
ചൂണ്ടുവിരൽ നീർത്തി മണലിൽ വരച്ച
നേർവരയൊന്നുമേ തലയിൽ പതിയാതെ പോയി.
ഓരോ വരയും ഓരോ വഴിയെന്നു ചൊന്ന
അച്ഛൻ പോയ വരയിതിലേതു വര??
ഇരുൾ മൂടിക്കിടന്ന നേർവഴിയിലൂടൊക്കെയും
സ്വപ്നാടകനായി ഞാൻ.
ചുവന്ന മരുന്നുകുപ്പി വീണുടഞ്ഞ ആശുപത്രിവഴി
വരകളിൽ പകുതിയും കടമെടുത്തു.
ശേഷിച്ച ഒരേയൊരു വര കുന്നിന്മുകളിലെ
ശ്മശാനത്തിലേക്കുള്ള ചവിട്ടടി പാത മാത്രം..!