Tuesday, June 23, 2026

കുറിപ്പ് : വായനാദിനം

 പരസ്പരം വായിച്ചു തീർക്കാൻ പറ്റാത്ത രണ്ടു പുസ്തകങ്ങളായി നാം മാറിയപ്പോഴാണ് നമുക്ക് നമ്മെ മടുത്തു തുടങ്ങിയത്. പിന്നീടെപ്പോഴൊക്കെയോ ഞാൻ നിന്നെ വായിക്കാതെയായി. പുസ്തകത്തിലെ കീറിപ്പറഞ്ഞ താളുകൾ മാത്രം അടർത്തിയെടുത്ത വായനയിൽ നീയും ഒതുങ്ങി. ആയിടക്ക് പലപ്പോഴും ആളുകൾക്ക് നമ്മളെയും ചേർത്ത് വായിക്കാൻ പറ്റാതെയായെന്ന് അവരുടെ മുഖഭാവങ്ങളിൽ നിന്ന് നമുക്ക് മനസ്സിലായി. വരികൾക്കിടയിലെ സ്പേസുകൾ പലതും നാം തന്നിഷ്ടപ്രകാരം പൂരിപ്പിച്ചു വായിച്ചു. പലതിനും നാം വിചാരിക്കാത്ത അർഥതലങ്ങൾ നല്കി.  MNV യേയും MT യേയും പേറി നീർമാതളം പൂത്ത വഴിയിലൂടെ ഗോവർദ്ധന്റെ യാത്രകൾ തേടി നീ അലഞ്ഞപ്പോൾ ഞാൻ കൊച്ചുബാവയേയും അയ്യപ്പനെയും കൂട്ടി പുഴ കടന്ന് മരങ്ങൾക്കിടയിലൂടെ ചുള്ളിക്കാടുകൾ കേറിയിറങ്ങി. അകലെ സ്നേഹത്തിന്റെ മരീചികകൾ കണ്ടു കൊതിച്ച ആടുജീവിതങ്ങൾ ആയി പലപ്പോഴും നമ്മുടെത്. ഒരു പുസ്തകമെങ്കിലും ഒരുമിച്ച് വായിച്ചു തീർക്കണമെന്നു തുടങ്ങിയ പുസ്തകം ഒരു രണ്ടാമൂഴത്തിന് അവസരം കൊടുക്കാതെ ഏതോ ആശുപത്രി വരാന്തയിൽ നാം മറന്നുവച്ചു. 

കാലം കടന്നു പോയി.. 

മഞ്ഞ് വന്നു, 

വെയിൽ വിളിച്ചു, 

ഗ്രീഷ്മത്തിലെ മഴയിൽ, മഴ നനഞ്ഞു പോയ വരികളായി പിന്നീടൊരിക്കലും ചേർത്ത് വായിക്കാനാകാത്ത ലിഖിതങ്ങളുടെ പുസ്തകമായി നാം മാറി!!

Saturday, April 15, 2017

ഏപ്രില്‍


വെയില്‍ മൂര്‍ച്ചിച്ച ക്യാമ്പസിലെ
അവസാന ദേശാടന പക്ഷിയും പറന്നേ പോയി
ഹൃദയത്തിനരികെ വാക്കുകള്‍ ബാക്കിവച്ച്
പ്രണയിനിയും കടന്നേ പോയി
ഗ്രീറ്റിംഗ്സ് കാര്‍ഡിലെ നരച്ച ആകാശം പോലെ
മനസ്സിന്‍റെ പകലുകള്‍
ഇനിയും പൂവിടാത്ത കര്‍ണികാരം
നീറുന്ന സന്ധ്യകള്‍
സൂര്യന്‍റെ ഒടുക്കത്തെ ചൂടില്‍
ഇറച്ചി വേവുന്ന മണം

ഇനി കുരിശു യുദ്ധത്തിന്‍റെ ദിനങ്ങളാണ്.
കുരിശുയുദ്ധത്തിനൊടുവില്‍  കുരിശുമരണങ്ങളും.

ഏപ്രില്‍,
നിനക്കെന്തേ ചിരിക്കാന്‍ കഴിയുന്നില്ലാ?

Tuesday, April 11, 2017

പൂമരം


"If you don't like where you are, move, you're not a tree"
നിന്‍റെ  വാള്‍ പേപ്പര്‍.

ആത്മാവില്‍
ഒരിക്കലും പറിച്ചു മാറ്റാന്‍ ആകാത്തവിധം
ആഴത്തില്‍ വേരിറങ്ങി
പടര്‍ന്നു പന്തലിച്ച
പൂമരമാണ് നീ എനിക്കെന്ന്
ആരറിയുന്നു??




ആത്മജ

ആത്മാവില്‍ ജന്മം നല്‍കിയ ഒരു മകളുണ്ടായിരുന്നെനിക്ക്
ആത്മജ.
ഭൂമിയിലെ ജനനം അമ്മക്ക് മരണം വിധിച്ചപ്പോള്‍
ഭൂലോകം കാണിക്കാതെ
ആത്മാവിലേക്ക് തന്നെ മടക്കി അയച്ച മകള്‍.
അന്നു നിന്നമ്മയോടു ഞാന്‍ പറഞ്ഞു
നീയാണെനിക്ക്  മകള്‍.
ഭാര്യയും അമ്മയും എല്ലാം നീ തന്നെ.
പക്ഷെ
നിന്‍റെ ആണ്ടു പൂജക്ക്‌ മുന്‍പേ അവള്‍ പോയി
താലിയും മറച്ച്, സിന്ദൂരവും മായ്ച്ച്..

നീ മതിയായിരുന്നു,
ബുദ്ധി ഉറയ്ക്കും വരെ നീ എങ്കിലും ഉണ്ടാകുമായിരുന്നല്ലോ
ഒപ്പം
അമ്മയെ കൊന്നവള്‍ എന്ന പേരും!!

നീ അറിയാന്‍

1
ഞാന്‍ നിന്നെ ജീവിക്കാന്‍ പഠിപ്പിച്ചു
പകരം
നീ എന്നെ ജീവിതം പഠിപ്പിച്ചു..

2
നമുക്കിടയില്‍ ഒരു മതില്‍
ഉണ്ടായിരുന്നുവോ?
വെറുപ്പിന്റെ കട്ടകള്‍
അടുക്കി ഒരുക്കി
നീ തീര്‍ത്ത
തിരസ്കാരത്തിന്റെ വന്മതില്‍?

3
എന്നില്‍ നിന്ന്‍ നിന്നിലേക്കുള്ള
അകലമായിരുന്നു ആദ്യം പ്രണയം.
ഒരു നൂലുകൊണ്ട് നമ്മളതറ്റു.
ഇപ്പോള്‍
വീണ്ടും നീ എനിക്ക് പ്രണയിനി
ആയിത്തീര്‍ന്നിരിക്കുന്നു.

4
ഒരു നുണയെ ജയിക്കാന്‍
ഒമ്പതു നുണകള്‍ നിരത്തി നിനക്ക്
ആളെ കൂട്ടാം.
എന്നെ ജയിക്കാന്‍ അതുമതി.
പക്ഷെ
എന്‍റെ മനസ്സിനെ ജയിക്കാന്‍
ഒരു നുണയുടെ ഏറ്റുപറച്ചില്‍
തന്നെ ധാരാളം.

5
ഒരിക്കല്‍
എനിക്കുമേല്‍ നീ പടുത്തുയര്‍ത്തിയ
വിശുദ്ധ നുണകളുടെ കരിങ്കല്‍ കൊട്ടാരം
വീണുടയും
അതിനടിയില്‍ പെട്ട്
നിനക്കൊന്നും സംഭവിക്കല്ലേ
എന്ന പ്രാര്‍ത്ഥനകളോടെ...


Friday, April 7, 2017

സ്വതന്ത്ര

നീ എപ്പോഴും സ്വതന്ത്രയായിരുന്നു
വിവാഹ ശേഷവും..
നിന്‍റെ
നാമത്തില്‍
ഇഷ്ടങ്ങളില്‍
ചിന്തകളില്‍
പ്രവര്‍ത്തികളില്‍
നിഗൂഡതകളില്‍..

ഇനി നീ തികച്ചും സ്വതന്ത്രയാണ്
എന്‍റെ ഓര്‍മകളുടെ കെട്ടുപാടുകളില്‍ നിന്നുപോലും...

Stone



I need a Stone

a red coloured.

with

no feelings,

no emotions..

to

replace

my heart.....!!!