പരസ്പരം വായിച്ചു തീർക്കാൻ പറ്റാത്ത രണ്ടു പുസ്തകങ്ങളായി നാം മാറിയപ്പോഴാണ് നമുക്ക് നമ്മെ മടുത്തു തുടങ്ങിയത്. പിന്നീടെപ്പോഴൊക്കെയോ ഞാൻ നിന്നെ വായിക്കാതെയായി. പുസ്തകത്തിലെ കീറിപ്പറഞ്ഞ താളുകൾ മാത്രം അടർത്തിയെടുത്ത വായനയിൽ നീയും ഒതുങ്ങി. ആയിടക്ക് പലപ്പോഴും ആളുകൾക്ക് നമ്മളെയും ചേർത്ത് വായിക്കാൻ പറ്റാതെയായെന്ന് അവരുടെ മുഖഭാവങ്ങളിൽ നിന്ന് നമുക്ക് മനസ്സിലായി. വരികൾക്കിടയിലെ സ്പേസുകൾ പലതും നാം തന്നിഷ്ടപ്രകാരം പൂരിപ്പിച്ചു വായിച്ചു. പലതിനും നാം വിചാരിക്കാത്ത അർഥതലങ്ങൾ നല്കി. MNV യേയും MT യേയും പേറി നീർമാതളം പൂത്ത വഴിയിലൂടെ ഗോവർദ്ധന്റെ യാത്രകൾ തേടി നീ അലഞ്ഞപ്പോൾ ഞാൻ കൊച്ചുബാവയേയും അയ്യപ്പനെയും കൂട്ടി പുഴ കടന്ന് മരങ്ങൾക്കിടയിലൂടെ ചുള്ളിക്കാടുകൾ കേറിയിറങ്ങി. അകലെ സ്നേഹത്തിന്റെ മരീചികകൾ കണ്ടു കൊതിച്ച ആടുജീവിതങ്ങൾ ആയി പലപ്പോഴും നമ്മുടെത്. ഒരു പുസ്തകമെങ്കിലും ഒരുമിച്ച് വായിച്ചു തീർക്കണമെന്നു തുടങ്ങിയ പുസ്തകം ഒരു രണ്ടാമൂഴത്തിന് അവസരം കൊടുക്കാതെ ഏതോ ആശുപത്രി വരാന്തയിൽ നാം മറന്നുവച്ചു.
കാലം കടന്നു പോയി..
മഞ്ഞ് വന്നു,
വെയിൽ വിളിച്ചു,
ഗ്രീഷ്മത്തിലെ മഴയിൽ, മഴ നനഞ്ഞു പോയ വരികളായി പിന്നീടൊരിക്കലും ചേർത്ത് വായിക്കാനാകാത്ത ലിഖിതങ്ങളുടെ പുസ്തകമായി നാം മാറി!!
No comments:
Post a Comment