Tuesday, May 31, 2016

...ഒരോര്‍മ്മ

നാളെ സ്കൂള്‍ തുറക്കും.....!!

പെട്ടെന്ന്, എന്തോ ഓര്‍ത്തിട്ടെന്നവണ്ണം മുറ്റത്ത് പാറികളിച്ച മഴത്തുമ്പികള്‍ ബയോളജിപുസ്തകത്തിലേക്ക് ചേക്കേറി. നാട്ടുമാവില്‍ ചിതറിയോടിയിരുന്ന കൂനനുറുമ്പുകള്‍ പുസ്തകങ്ങളില്‍ കുറുനിരയിട്ടു.മധ്യവേനലാരംഭത്തില്‍ ആട്ടിയോടിച്ച ഷെല്ലിയേയും ഷേയ്ക്സ്പിയറേയും ഞാ‍ന്‍ തിരികെ വിളിച്ചു. വളച്ചൊടിച്ച് പെട്ടിയിലടച്ച പൈതഗോറസ് സിദ്ധാന്തവും ത്രികോണമിതിയും പുറത്തെടുത്തിട്ടു.

ഉവ്വ്;
മുറ്റത്തെ തുളസിച്ചെടിയില്‍ ഇലകള്‍ വേണ്ടുവോളമുണ്ട്. രവീന്ദ്രന്‍ മാഷിന്റെ ചൂരലിനെ തടുക്കുവാന്‍ തത്കാലം അവ ധാരാളം..!
ഛെ..എന്തിനാണിത്ര നേരത്തെ സ്കൂള്‍ തുറക്കുന്നത്? ശ്യാമള ടീച്ചറിന്റെ മ്യൂസിക് ക്ലാസ് പോലെ തീരുന്നു അവധിക്കാലം. ഇനിയും കളിച്ചുതീരാത്ത എത്രയോ കളികള്‍..അഞ്ഞൂറുതികയാന്‍ ഇനിയും വേണം മുപ്പത്തിയെട്ട് ഗോലികള്‍ കൂടി. ഇതുവല്ലതുമുണ്ടോ ജൂണ്‍ മാസം അറിയുന്നു...??!!
തിളച്ച വെയിലിനെ മറച്ച് ഓടിയെത്തിയ മേഘവും തണുത്ത കാറ്റും സാലി ടീച്ചറിന്റെ ഭൂമിശാസ്ത്രം ക്ലാസിലേക്കെന്നെ വലിച്ചെറിഞ്ഞു. ന്യൂനമർദ്ദവും ഊഷ്ണ മേഖലാ ജലപ്രവാഹവും കൂടിക്കുഴച്ച് നാളെ പെയ്യാനിരിക്കുന്ന തണുത്ത മഴയിൽ ഞാനിപ്പോഴേ തണുത്ത് വെറുങ്ങലിച്ചു. "റെയ്ൻ റെയ്ൻ ഗോ എവേ കo എഗെയിന്‍ സം അദർ ഡേ"...ബാക്കി...? ബാക്കി ഓർക്കുമ്പോൾ മനസിൽ ഇപ്പോഴും ഭീതിയാണ്. ഇംഗ്ലീഷ് ക്ലാസിലെ രാജൻ സാറിന്റെ ചൂരലിന്റെ ചൂടേറ്റാൽ ഏതു തണുപ്പും പമ്പ കടക്കും. ഏതായാലും നാളെ പോകുക തന്നെ. 

പെട്ടെന്നെനിക്ക് ഗീതയെ ഓർമ്മ വന്നു. ദൈവമേ...ഇത്തവണയെങ്കിലും അവൾ എന്റെ ക്ലാസിൽ ആയാൽ മതിയാർന്നു. മുന്നേ കൊല്ലം മലയാളം ക്ലാസിൽ മോളി ടീച്ചർ "എന്റെ ബാല്യകാല സഖി" തകർത്താടിയപ്പോഴൊക്കെ എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു. ഇതല്ലേ എന്റെ സുഹ്റ ? അറിയാതെ മനസ് മന്ത്രിച്ചു. നീല കണ്ണുകളുള്ള നീളന്‍ മുടിയുള്ള മെലിഞ്ഞ് കൊലുന്ന അവള്‍ മാത്രമായി പിന്നെ എന്നില്‍. ഒരിക്കല്‍ ചാക്കോ സാറിനൊപ്പം യൂറീക്ക പരീക്ഷക്ക്‌ പോയപ്പോള്‍ അവളില്‍ നിന്നെടുത്ത റെയ്നോള്‍ഡ്സ് പേന നിധി പോലെ ഞാന്‍ സൂക്ഷിച്ചിരുന്നു..!! അത് കൊണ്ട് എഴുതി കൂട്ടിയ കണക്കുകളെല്ലാം തെറ്റിയിട്ടു  കഴിഞ്ഞ കൊല്ലം ശിവശങ്കരന്‍ സാര്‍ പേന കുത്തിയൊടിച്ചു കളഞ്ഞപ്പോള്‍ മാത്രമാണ് അവളതറിഞ്ഞത്. പിന്നീടിന്നു വരെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല അവള്‍. അറുമുഖന്‍ സാറിന്റെ കൊമ്പന്‍ മീശയേക്കാള്‍ ക്രൂരമായി പിന്നീടവളുടെ മുഖം. യാക്കോബ് സാറിന്റെ രസതന്ത്രത്തിലെ തന്ത്രങ്ങളൊന്നും ഫലിക്കാതെ വന്നപ്പോള്‍ പോള്‍ സാര്‍ പാടി പഠിപ്പിച്ച ഹിന്ദി കവിത പതിനഞ്ചു വട്ടം പാടി കൊടുക്കേണ്ടി വന്നു പിന്നീടൊന്നു ചിരിച്ചു കാണാന്‍!!
  
ഹോം വര്‍ക്കിന്റെയും പകര്‍ത്തെഴുത്തിന്റെയും ഇരുണ്ട യുഗം സ്വപ്നം കണ്ടുറങ്ങിയ എന്നിലേക്ക് പൊടുന്നനെ  ചിന്ത പറന്നു വന്നു - ആരായിരിക്കും ക്ലാസ് ടീച്ചര്‍? മിന്നിമറഞ്ഞ മുഖങ്ങള്‍ക്കൊടുവില്‍ വിജയരാഘവന്റെ മുഖച്ഛായയുള്ള യോഹന്നാന്‍ സാറിന്റെ മുഖവും കടന്നു അവസാനം അത് കൊച്ചു സൂസന്‍ ടീച്ചറില്‍ എത്തി നിന്നു. 

ഹോ...ഇനി എന്നാല്‍ നാളെ സ്കൂളില്‍ പോകാം...!

ഋതുഭേദം

മഴ
കോളേജിന്റെ രണ്ടാം നിലയിലിരുന്നു ചന്നം പിന്നം പെയ്യുന്ന മഴയിലേക്ക് കൈക്കുമ്പിള്‍ നീട്ടവെ അവള്‍ ചോദിച്ചു, “നി എന്നാണ് എന്നിലേക്കു ഒരു പേമാരിയായി പെയ്തിറങ്ങുക?” ഒരു പുഞ്ചിരി ചുണ്ടില്‍ നിര്‍ത്തീ ഞാനവളുടെ കണ്ണുകളീലേക്കു ഒഴുകിക്കിടന്ന മുടിയിഴകളെ പിന്നിലേക്ക് ഒതുക്കിവച്ചു. അപ്പോഴുതിര്‍ന്ന അവളുടെ നറുപുഞ്ചിരിയില്‍ നുണക്കുഴികള്‍ കൂടുതല്‍ ദീപ്തമായി.അവളെ നെഞ്ചോടടുപ്പിച്ച്, ഞാന്‍ നിന്റേതുമാത്രമാണ് എന്നെനിക്കുറക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, പക്ഷെ അലറിപ്പെയ്യുന്ന ഈ മഴയില്‍ എന്റെ ധ്വനി അലിഞ്ഞലിഞ്ഞില്ലാതായാലോ? എങ്കിലും അടക്കിയ സ്വരത്തില്‍ ഞാനവളോട് പറഞ്ഞു; സഖീ, പ്രേമം വാക്കുകളുടെ പേമാരിയല്ല,മൌനത്തിന്റെ ചാറ്റല്‍ മഴയാണ്. അവളതു കേട്ടോ എന്തോ..എന്തായാലും എന്റെ വാക്കുകള്‍ മഴനൂലില്‍ തൂങ്ങിയാടി ഒന്നാം നിലയിറങ്ങി നിലത്തെ മഴ വെള്ളപ്പാച്ചിലിലൂടെ ഒഴുകി കുമിളകളാ‍യി തീരുന്നതു ഞാന്‍ കണ്ടു.
മഴ തോരുന്നേയില്ല...
പിന്നീടെപ്പോഴോ പെയ്ത് പെയ്ത് മഴ തളര്‍ന്നപ്പോള്‍.....

‍വെയിൽ
ചെം പൂ ചൂടാറുള്ള തണല്‍ മരത്തിലെ അവസാനയിലയും ശിശിരം കൊണ്ടു പോയി. ഇല പൊഴിഞ്ഞ വാകമരം ഏതോ ആര്‍ട്ട് ശില്പത്തെ ഓര്‍മിപ്പിച്ചു. ‘വാകച്ചില്ലകളില്‍ വിരുന്നു പാര്‍ക്കാനെത്താറുള്ള കൊറ്റികള്‍ എവിടെപ്പോയി എന്തോ?’; അവള്‍ ഖിന്നയായി. പെട്ടെന്നു് ഒരു കൂട്ടം കൊറ്റികള്‍ എവിടുന്നോ പറന്നു വന്ന് ഒട്ടുനേരം സംശയിച്ച് വാകയെ തൊടാതെ പറന്നകന്നു.
ഇവയെങ്ങോട്ടാണ് ഈ പറന്നുപറന്നകലുന്നത്?
ആകാശത്തിലേക്ക്..
എന്നിട്ട്?
അങ്ങുദൂരെ ചക്രവാളത്തില്‍ ആകാശത്തിന്റെ അനന്തതയിലേക്ക് അലിഞ്ഞലിഞ്ഞ് ചേരും..!!
നി നുണ പറയുന്നു.
ഇല്ല; സത്യം!
അപ്പോള്‍ നീ..?
ഞാന്‍..ഞാനും നീയും എല്ലാം..
നീ വീണ്ടും നുണ പറയുന്നു..
മുഖം കെറുവിച്ച് അവള്‍ തിരിഞ്ഞു് നടന്നു. ഈയിടെയായി അവളുടെ മുഖമെപ്പൊഴും വെയില്‍ കൊണ്ട് കറുത്തിരുന്നു.
ഏപ്രില്‍..- എല്ലാ ഏപ്രിലും ഒരുപോലെയാണ്. പ്രിയപ്പെട്ടവര്‍ക്കു വിരഹങ്ങള്‍ മാത്രം സമ്മാനിക്കാനറിയാവുന്ന ഏപ്രില്‍..കുരിശുയുദ്ധത്തിനൊടുവില്‍ കുരിശുമരണങ്ങള്‍ മാത്രം വിതക്കാനറിയാവുന്ന ഏപ്രില്‍..സൂര്യന്റെ ഒടുക്കത്തെ ചൂടില്‍ ഇറച്ചി വേവുന്ന മണം. കടുത്ത സൂര്യതാപമേറ്റ് അവളുടെ മനസിലെ സ്നേഹവും വരണ്ടു പോയോ ആവോ?
വെയില്‍ വീണ് നിറങ്ങള്‍ നരച്ച മനസ്സുകളിലെപ്പോഴോ നിഴല്‍ വീഴാന്‍ മറന്നപ്പോള്‍....

മഞ്ഞ്
നമ്മള്‍ കഥ പറയാനിരിക്കുന്ന പുഴവക്കിലെ പുല്‍തകിടിയാകെ ഹിമകണങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നു. പുല്‍നാമ്പില്‍ നിന്നൂ‍ര്‍ന്നു് വീഴാനൊരുങ്ങുന്ന നീര്‍ത്തുള്ളിയില്‍ ആകാശം തൂങ്ങിയാടി. വേനലില്‍ പൊട്ടിപ്പറന്ന അപ്പൂപ്പന്‍ താടിയുടെ എണ്ണമറ്റ പഞ്ഞിരോമങ്ങള്‍ അവള്‍ എനിക്കായി നീട്ടി. നട്ടുച്ച നേരത്തും അവളെ എന്നില്‍ നിന്നും മറച്ചുകൊണ്ട് കോടമഞ്ഞ് ഊളിയിട്ടിറങ്ങി. അവളെന്തോ എന്റെ കൈകളെ ചേര്‍ത്തുപിടിച്ചു. പ്രവാചകന്റെ തിരുപ്പിറവി ഉദ്ഘോഷിക്കാന്‍ വന്ന സാന്താക്ലോസിന്റെ താടിയെവിടെ? ഒരു കള്ളച്ചിരിയോടെ അവള്‍ അതെന്റെ നേര്‍ക്ക് നീട്ടുന്നു.
മനസ്സിനെ മരവിപ്പിച്ചുകൊണ്ട് മഞ്ഞു് തെന്നിയൊഴുകി.
പുഴയിലെ ഓളങ്ങളില്‍ നിന്നു് കണ്ണെടുക്കാതെ അന്നവള്‍ എനിക്കൊരു കഥ പറഞ്ഞുതന്നു. വിഫലപ്രണയത്തിന്റെ സ്മാരകമായി ജീവിക്കാന്‍ ഇഷ്ടപ്പെടാതെ നല്ലപാതിക്കു വേണ്ടി ജീവാഹുതി ചെയ്യുന്ന ഫീനിക്സ് പക്ഷികളുടെ കഥ..! വേര്‍പാട്, എന്തൊരവസ്ഥയാണത്! മറവി ഒരനുഗ്രഹമാവട്ടെ, അതുള്ളവര്‍ക്ക്; ഇല്ലാത്തവര്‍ക്കൊ??
പുഴ പിന്നെയും ഒഴുകിക്കൊണ്ടിരുന്നു; കഥകളും നെഞ്ചിലേറ്റി.
ആയിടെക്കെപ്പോഴോ ആണു് ഞാന്‍ പുഴയെ സ്നേഹിച്ചുതുടങ്ങിയത്, അവളില്‍ ഞാനെന്റെ സഖിയെ കണ്ടെത്തിത്തുടങ്ങിയത്.
മഞ്ഞിന്റെ ഒരു നേര്‍ത്ത യവനിക ഞങ്ങള്‍ക്കിടയില്‍ ഊര്‍ന്നിറങ്ങി.
എന്നാണിനി നമ്മള്‍ കാണുക?
ഇടയ്ക്ക് അവള്‍ ചോദിച്ചു. പെട്ടെന്ന് പുഴ നിശ്ചലയായി. മുഖമുയര്‍ത്തി എന്തെങ്കിലുമൊന്നു പറയാന്‍ തുടങ്ങുന്നതിനു മുന്‍പെ അവള്‍ നടന്നു കഴിഞ്ഞിരുന്നു; പുഴയിറമ്പിലൂടെ കൊങ്ങിണിക്കാടുകളും കടന്നു് ദൂരേക്ക്...
നിന്നിലും നിന്റെ ഓര്‍മ്മകള്‍ക്കുമപ്പുറം കടലാണെന്ന് ഞാനറിയുന്നു സഖീ...!
ഉച്ചസൂര്യന്റെ ചൂടിലെപ്പോഴോ മഞ്ഞുരുകിയപ്പോള്‍ എന്റെ കണ്ണിമകളെ നനച്ചുകൊണ്ട് --
മഴ..!