നാളെ സ്കൂള്‍
തുറക്കും.....!!
പെട്ടെന്ന്, എന്തോ ഓര്‍ത്തിട്ടെന്നവണ്ണം
മുറ്റത്ത് പാറികളിച്ച മഴത്തുമ്പികള്‍ ബയോളജിപുസ്തകത്തിലേക്ക് ചേക്കേറി.
നാട്ടുമാവില്‍ ചിതറിയോടിയിരുന്ന കൂനനുറുമ്പുകള്‍ പുസ്തകങ്ങളില്‍
കുറുനിരയിട്ടു.മധ്യവേനലാരംഭത്തില്‍ ആട്ടിയോടിച്ച ഷെല്ലിയേയും ഷേയ്ക്സ്പിയറേയും ഞാന്‍
തിരികെ വിളിച്ചു. വളച്ചൊടിച്ച് പെട്ടിയിലടച്ച പൈതഗോറസ് സിദ്ധാന്തവും ത്രികോണമിതിയും
പുറത്തെടുത്തിട്ടു.
ഉവ്വ്;
മുറ്റത്തെ തുളസിച്ചെടിയില്‍
ഇലകള്‍ വേണ്ടുവോളമുണ്ട്. രവീന്ദ്രന്‍ മാഷിന്റെ ചൂരലിനെ തടുക്കുവാന്‍ തത്കാലം അവ
ധാരാളം..!
ഛെ..എന്തിനാണിത്ര നേരത്തെ
സ്കൂള്‍ തുറക്കുന്നത്? ശ്യാമള
ടീച്ചറിന്റെ മ്യൂസിക് ക്ലാസ് പോലെ തീരുന്നു അവധിക്കാലം. ഇനിയും കളിച്ചുതീരാത്ത
എത്രയോ കളികള്‍..അഞ്ഞൂറുതികയാന്‍ ഇനിയും വേണം മുപ്പത്തിയെട്ട് ഗോലികള്‍ കൂടി.
ഇതുവല്ലതുമുണ്ടോ ജൂണ്‍ മാസം അറിയുന്നു...??!!
തിളച്ച വെയിലിനെ മറച്ച്
ഓടിയെത്തിയ മേഘവും തണുത്ത കാറ്റും സാലി ടീച്ചറിന്റെ ഭൂമിശാസ്ത്രം ക്ലാസിലേക്കെന്നെ
വലിച്ചെറിഞ്ഞു. ന്യൂനമർദ്ദവും ഊഷ്ണ മേഖലാ ജലപ്രവാഹവും കൂടിക്കുഴച്ച് നാളെ
പെയ്യാനിരിക്കുന്ന തണുത്ത മഴയിൽ ഞാനിപ്പോഴേ തണുത്ത് വെറുങ്ങലിച്ചു. "റെയ്ൻ
റെയ്ൻ ഗോ എവേ കo എഗെയിന്‍
സം അദർ ഡേ"...ബാക്കി...? ബാക്കി
ഓർക്കുമ്പോൾ മനസിൽ ഇപ്പോഴും ഭീതിയാണ്. ഇംഗ്ലീഷ് ക്ലാസിലെ രാജൻ സാറിന്റെ ചൂരലിന്റെ
ചൂടേറ്റാൽ ഏതു തണുപ്പും പമ്പ കടക്കും. ഏതായാലും നാളെ പോകുക തന്നെ.
പെട്ടെന്നെനിക്ക് ഗീതയെ
ഓർമ്മ വന്നു. ദൈവമേ...ഇത്തവണയെങ്കിലും അവൾ എന്റെ ക്ലാസിൽ ആയാൽ മതിയാർന്നു. മുന്നേ
കൊല്ലം മലയാളം ക്ലാസിൽ മോളി ടീച്ചർ "എന്റെ ബാല്യകാല സഖി"
തകർത്താടിയപ്പോഴൊക്കെ എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു. ഇതല്ലേ എന്റെ സുഹ്റ ? അറിയാതെ മനസ് മന്ത്രിച്ചു.
നീല കണ്ണുകളുള്ള നീളന്‍ മുടിയുള്ള മെലിഞ്ഞ് കൊലുന്ന അവള്‍ മാത്രമായി പിന്നെ
എന്നില്‍. ഒരിക്കല്‍ ചാക്കോ സാറിനൊപ്പം യൂറീക്ക പരീക്ഷക്ക് പോയപ്പോള്‍ അവളില്‍
നിന്നെടുത്ത റെയ്നോള്‍ഡ്സ് പേന നിധി പോലെ ഞാന്‍ സൂക്ഷിച്ചിരുന്നു..!! അത് കൊണ്ട്
എഴുതി കൂട്ടിയ കണക്കുകളെല്ലാം തെറ്റിയിട്ടു കഴിഞ്ഞ കൊല്ലം ശിവശങ്കരന്‍ സാര്‍
പേന കുത്തിയൊടിച്ചു കളഞ്ഞപ്പോള്‍ മാത്രമാണ് അവളതറിഞ്ഞത്. പിന്നീടിന്നു വരെ ഒന്ന്
നോക്കുക പോലും ചെയ്തിട്ടില്ല അവള്‍. അറുമുഖന്‍ സാറിന്റെ കൊമ്പന്‍ മീശയേക്കാള്‍
ക്രൂരമായി പിന്നീടവളുടെ മുഖം. യാക്കോബ് സാറിന്റെ രസതന്ത്രത്തിലെ തന്ത്രങ്ങളൊന്നും
ഫലിക്കാതെ വന്നപ്പോള്‍ പോള്‍ സാര്‍ പാടി പഠിപ്പിച്ച ഹിന്ദി കവിത പതിനഞ്ചു വട്ടം
പാടി കൊടുക്കേണ്ടി വന്നു പിന്നീടൊന്നു ചിരിച്ചു കാണാന്‍!!
ഹോം വര്‍ക്കിന്റെയും പകര്‍ത്തെഴുത്തിന്റെയും
ഇരുണ്ട യുഗം സ്വപ്നം കണ്ടുറങ്ങിയ എന്നിലേക്ക് പൊടുന്നനെ ആ ചിന്ത
പറന്നു വന്നു - ആരായിരിക്കും ക്ലാസ്
ടീച്ചര്‍?
മിന്നിമറഞ്ഞ മുഖങ്ങള്‍ക്കൊടുവില്‍ വിജയരാഘവന്റെ മുഖച്ഛായയുള്ള യോഹന്നാന്‍ സാറിന്റെ
മുഖവും കടന്നു അവസാനം അത് കൊച്ചു സൂസന്‍ ടീച്ചറില്‍ എത്തി നിന്നു.
ഹോ...ഇനി എന്നാല്‍ നാളെ
സ്കൂളില്‍ പോകാം...!
No comments:
Post a Comment